
ന്യൂഡൽഹി: മെഡിക്കൽ പി.ജി പ്രവേശന നടപടികളിൽ നിർണായക മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. നീറ്റ് പി.ജി, നീറ്റ് എസ്.എസ് പരീക്ഷകളിലെ നിലവിലെ പെർസെന്റൈൽ അടിസ്ഥാനത്തിലുള്ള യോഗ്യതാ രീതി ഒഴിവാക്കി റാങ്ക് അടിസ്ഥാനത്തിലുള്ള മെറിറ്റ് സംവിധാനം നടപ്പാക്കാനാണ് നീക്കം. പുതിയ നിർദേശം പ്രാബല്യത്തിൽ വരുന്നതോടെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു എന്ന കാരണത്താൽ പ്രവേശനത്തിനുള്ള കട്ട് ഓഫ് കുറയ്ക്കുന്ന രീതി അവസാനിച്ചേക്കും. 2027 മുതൽ പുതിയ സംവിധാനം നടപ്പാക്കാനാണ് ശുപാർശ.
ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 12 അംഗ വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് നവംബർ 3ന് സുപ്രീം കോടതിയിൽ സമർപ്പിച്ചു. നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദേശത്തിന് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ പുതിയ സംവിധാനത്തിന്റെ വിശദമായ ചട്ടങ്ങൾ ഇനിയും അന്തിമമായിട്ടില്ല.
നിലവിലെ രീതിയിൽ നിശ്ചിത പെർസെന്റൈൽ നേടുന്നവർക്കാണ് കൗൺസിലിങ്ങിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കുന്നത്. ജനറൽ വിഭാഗത്തിന് 50-ാം പെർസെന്റൈലും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് 40-ാം പെർസെന്റൈലുമാണ് സാധാരണ യോഗ്യതാ മാനദണ്ഡം. എന്നാൽ പുതിയ രീതി വരുന്നതോടെ പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടികയ്ക്കായിരിക്കും പ്രാധാന്യം. മെറിറ്റ് അനുസരിച്ചായിരിക്കും സീറ്റ് അനുവദിക്കുക. റാങ്ക് പട്ടികയിൽ പിന്നിലുള്ളവർക്ക് സീറ്റുകൾ ഒഴിവുണ്ടെങ്കിലും പ്രവേശനം ലഭിക്കാത്ത സാഹചര്യമുണ്ടാകാം.
ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ നികത്താൻ യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നത് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ ബാധിക്കുമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. അതിനാൽ പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യതാ നിലവാരം താഴ്ത്തരുതെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.
ഓരോ വർഷവും നീറ്റ് പി.ജി കട്ട് ഓഫ് ഗണ്യമായി കുറയ്ക്കേണ്ടിവരുന്ന സാഹചര്യം വലിയ വിവാദമായിരുന്നു. 2023ൽ എല്ലാ വിഭാഗങ്ങൾക്കും യോഗ്യതാ പെർസെന്റൈൽ പൂജ്യമായി താഴ്ത്തിയതോടെ നെഗറ്റീവ് മാർക്ക് നേടിയവർക്ക് പോലും കൗൺസിലിങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. 2024ൽ ജനറൽ, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളുടെ കട്ട് ഓഫ് 15 പെർസെന്റൈലായും സംവരണ വിഭാഗങ്ങളുടേത് 10 പെർസെന്റൈലായും കുറച്ചിരുന്നു.
2025-26 പ്രവേശന വർഷത്തിലും കട്ട് ഓഫ് കുറയ്ക്കേണ്ടിവന്നത് വിവാദം ശക്തമാക്കി. 2026 ജനുവരി 13ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് മൂന്നാംഘട്ട കൗൺസിലിങ്ങിനായി പുതുക്കിയ കട്ട് ഓഫ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ 95,913 പേർക്ക് അധികമായി കൗൺസിലിങ്ങിന് യോഗ്യത ലഭിച്ചെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച കണക്ക്. പ്രവേശന നിലവാരം ഇത്രയധികം താഴ്ത്തുന്നത് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയുമായി ഹരജിക്കാർ കോടതിയെ സമീപിച്ചു.
തുടർന്ന് 2026 മെയ് മാസത്തിൽ ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പ്രശ്നത്തിന് സ്ഥിരമായ പരിഹാരം കണ്ടെത്തണമെന്ന് നിർദേശിച്ചു. എല്ലാ വർഷവും കട്ട് ഓഫ് കുറയ്ക്കേണ്ടിവരുന്നത് ഉദ്യോഗാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും അതേസമയം നിരവധി പി.ജി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രവേശന നടപടികൾ സമഗ്രമായി പരിശോധിച്ച് പരിഷ്കാരങ്ങൾ നിർദേശിക്കാൻ 2026 ഓഗസ്റ്റിൽ കേന്ദ്രം 12 അംഗ വിദഗ്ധ സമിതിക്ക് രൂപം നൽകി. സമിതിയുടെ റിപ്പോർട്ടിലാണ് ഇപ്പോൾ റാങ്ക് അടിസ്ഥാനത്തിലുള്ള പ്രവേശന രീതി ഉൾപ്പെടെയുള്ള നിർദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുന്നത്.
കട്ട് ഓഫ് പരിഷ്കരണത്തിന് പുറമെ പി.ജി മെഡിക്കൽ വിദ്യാഭ്യാസത്തിലെ മറ്റ് ചില പ്രശ്നങ്ങൾക്കും സമിതി പരിഹാരം നിർദേശിച്ചിട്ടുണ്ട്. ക്ലിനിക്കൽ ഇതര പി.ജി കോഴ്സുകളുടെ ഫീസ് കുറയ്ക്കണം, പ്രീ-ക്ലിനിക്കൽ, പാരാ-ക്ലിനിക്കൽ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവരെ സർവീസ് ബോണ്ടിൽ നിന്ന് ഒഴിവാക്കണം തുടങ്ങിയവയാണ് പ്രധാന ശുപാർശകൾ.
കൗൺസിലിങ് നടപടികൾ എല്ലാ വർഷവും വൈകുന്നതും ഇതുമൂലം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതും ഒഴിവാക്കാൻ സമയബന്ധിതമായ നടപടികൾ സ്വീകരിക്കണമെന്നും സമിതി നിർദേശിച്ചു. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലായാൽ മെഡിക്കൽ പി.ജി പ്രവേശന രംഗത്തെ നിലവിലെ രീതിയിൽ വലിയ മാറ്റങ്ങളുണ്ടാകും.











